മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്ന് പിവി അൻവർ എംഎൽഎ. ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും നൽകുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനി. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എൽ പി വി അൻവർ.
സംസ്ഥാന സർക്കാർ കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ പൊലീസ് ഇതുപോലെ ചരിത്രത്തിൽ ഇതുവരെ നാണംകെട്ടിട്ടില്ല. ആരോപണ വിധേയരായ എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേൾവിയില്ലാത്തതാണ്. കൂടാതെ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയർ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണെന്നും. അവർ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമർശിച്ചു.
എസ് പി പദവിയിലിരിക്കെ സുജിത്ത് ദാസ് വ്യാപക അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് നിലമ്പൂർ നഗരസഭ ഇടത് കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ ആരോപിച്ചു. അദ്ദേഹത്തിൻ്റെ അഴിമതികൾക്കെതിരെ നേരത്തെ വിജിലൻസിന് പരാതി നൽകിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഈ പരാതികൾ കൂടി അന്വേഷിക്കണമെന്നും എരഞ്ഞിക്കൽ ഇസ്മായിൽ ആവശ്യപെട്ടു.
പിണറായി വിജയന്റെ കാലത്തോടെ സിപിഎം അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്നത് ഗുരുതര ആരോപണമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവർക്കെതിരെ നടപടിയെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിനാൽ എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല. കണ്ണിൽ പൊടിയിടാനുള്ള ശ്രമം
മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം ശിവശങ്കറിനെ പോലെ എഡിജിപി അജിത് കുമാറിനെ വളർത്തുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എഡിജിപിക്കെതിരായ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ അമിത് ഷായെ കണ്ട് സംസാരിക്കുമെന്ന് അവർ വ്യക്തമാക്കി. കേസന്വേഷണം സിബിഐക്ക് വിടാൻ തയ്യാറല്ലെങ്കിൽ ഭരണം ആരുടെ കയ്യിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും, അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാർ. ആ സംഘത്തിൻ്റെ തലവൻ മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രിയുടെ നയങ്ങൾ മാറ്റിയില്ലെങ്കിൽ മാക്സിസ്റ്റ് പാർട്ടിയുടെ അന്ത്യം പിണറായിയിലൂടെ നടക്കുമെന്നും ശോഭ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി. നയതന്ത്രബാഗേജ് പരിശോധിക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യത്തിന് സംശയകരമായ സാഹചര്യത്തില്‍ പരിശോധിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടി നല്കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടി നല്‍കാമെന്നും എസ് വി രാജു അറിയിച്ചു.
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് തൃശ്ശൂരിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരൻ ആരോപിച്ചു. എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അതോടൊപ്പം മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോഗമാണെന്നും ചികിത്സ നൽകേണ്ടതിന് പകരം മുകേഷിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കാക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിലെന്നും, എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറഞ്ഞു
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും റിപ്പോർട്ടിലുണ്ട്.
കോഴിക്കോട് മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗൺസിലറെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.
കോഴിക്കോട്ടെ കോംട്രസ്റ്റ് ഭൂമി തര്‍ക്കം കോടതിയില്‍ നില്‍ക്കെ തര്‍ക്കഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്കിയ കോര്പറേഷന് നടപടി വിവാദത്തില്‍. നിലവില്‍ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ കൈയിലുളള ഭൂമിയിലാണ് കെട്ടിട നിര്‍മാണത്തിന് കോര്പറേഷന് അനുമതി നല്‍കിയത്. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെയും കോണ്‍ഗ്രസിന്റെയും തീരുമാനം.
ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹർജിയിൽ പറയുന്നു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും അവർ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പത്മപ്രിയ പറഞ്ഞു.
മലയാള സിനിമാ സെറ്റുകളില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ചലച്ചിത്രതാരം രാധിക ശരത്കുമാര് നടത്തിയതിനെ തുടർന്ന് ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്ന് രാധിക വ്യക്തമാക്കി.
തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം.
കൊല്ലം മുഖത്തലയിൽ സിപിഐ ഓഫീസ് ആക്രമിച്ച കേസിൽ 3 പ്രതികൾ പിടിയിൽ. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ അൻസാർ, അഭിജിത്ത്, ശബരിനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 27നാണ് സംഭവം. മുഖത്തലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസുനേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേ കാലോടെയാണ് അപകടമുണ്ടായത്.
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വാഹനം ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കൽ സ്വദേശി ലീലാമ്മയാണ് മരിച്ചത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരൻ മരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ആന്ധ്ര പ്രദേശ് സർക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കൃഷ്ണ ജില്ലയിലെ എൻജിനിയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയെന്നാണ് പരാതി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.
ഭീമന് ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2024 ഒഎന് എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ മാസം 15നാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക എന്നാണ് നാസയുടെ അനുമാനമെന്നാണ് സൂചന. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുണ്ട് എന്നതാണ് 2024 ON ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാസയെ പ്രേരിപ്പിക്കുന്നത്.
രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അറബികടലിലാണ് ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തിയത്.
പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിൽ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയിൽ നിന്നും ദൂരെ വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടം.
കൊൽക്കത്ത കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ കോൺഗ്രസ്. സമരം ചെയ്യുന്ന ഡോക്ടർമാർ കശാപ്പുകാരെന്ന് തൃണമൂൽ എംഎൽഎ ലവ്ലി മയ്ത്ര വിമർശിച്ചു. സമരത്തിന്റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നുവെന്നും ദിവസവും അവർ കശാപ്പുകാരായി മാറുന്നുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.