വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കരസേനഅംഗങ്ങളാണ് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് പാലം നിര്‍മ്മിച്ചത്. ബെയ്ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു.
കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു .240 പേരെ ഇപ്പോഴും കാണാനില്ല. ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു.പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവർത്തകർക്ക് എത്താൻ ആവാത്തതിനാൽ മരണസംഖ്യ ഏറെ ഉയർന്നേക്കും.
ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ഉണ്ടായിരുന്നു.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിക്കാനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലിനും വി ഡി സതീശനും ഇവരോടൊപ്പമുണ്ട്. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വായനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെതുർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
വയനാട്ടിലെ ചൂരൽമല വില്ലേജ് ഓഫീസ് റോഡിൽ നിന്നും 39 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് മാത്രം 7 മൃതദേഹങ്ങളും, ചില ശരീരഭാഗങ്ങളും കണ്ടെത്തി. പുഴയിലെ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തടസമായതോടെ സൈന്യവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും എൻഡിആർഎഫും മേഖലയിൽ നടത്തി വന്ന തിരച്ചിൽ വൈകിട്ടോടെ അവസാനിപ്പിച്ചു.
മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിൽ സജീവമാണ്. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെ കാണാതായതായി ഡിഡിഇ യോഗത്തില്‍ അറിയിച്ചു.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് മേജർ ജനറൽ വി ടി മാത്യു യോഗത്തെ അറിയിച്ചു. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്നിഫർ നായകളും തെരച്ചിലിനായി സ്ഥലത്തുണ്ട്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്കാരവുമാണ് പ്രശ്നമായി അവശേഷിക്കുന്നത്. മൃതദേഹം കിട്ടിയാൽ മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
വയനാട് ദുരന്ത ഭൂമിയിലെ അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോകോൾ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവ റാവു. അറിയപ്പെടാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകൾ തീരുമാനിക്കുമെന്നും, അതോടൊപ്പം ഉരുൾപൊട്ടൽ ഇത്ര ആഘാതം എങ്ങനെ ഉണ്ടാക്കി എന്നത് ഗൗരവമായി പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി.
കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു.
വയനാട്ടിൽ ഉരുള്‍പൊട്ടൽ ഉണ്ടായ മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്.ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ഇപ്പോൾ പോകരുത് എന്നാണ് സർക്കാർ കർശന നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ്ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം പാലക്കാട് തൃശ്ശൂർ ഇടുക്കി എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കാസർഗോഡ്, തൃശ്ശൂർ, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.പ്രൊഫഷണള്‍ കോളേജുകള്‍ക്ക് അടക്കം അവധി ബാധകമാണ്.
നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം.വള്ളംകളി സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം . എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.
വയനാട് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും, അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെ.സുധാകരന് എംപി.പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള അധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു.
ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും, എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും അവരുടെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയുമെന്നും കത്തിലുണ്ട്.
അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. തൃശൂർ ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കാതെ സംയമനം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
വയനാട്ടിലെ ദുരന്തപശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
വയനാട്ടിലെ ഉരുള്‍പൊട്ടൽ ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കൾ അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ ഭിന്നശേഷി വ്യക്തികൾക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികൾക്കൊപ്പം ക്യൂ നിൽക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു.
തൃശൂര്‍ അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തൃശൂരില്‍ നിന്ന് 10 ആംബുലന്‍സുകള്‍ വയനാട്ടിലേക്ക്. തൃശ്ശൂരിലെ ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസേസിയേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കിയ 10 ആംബുലന്‍സുകളാണ് ഇന്ന് വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചത്.ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ജില്ലയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു.പസഫിക്ക് സമുദ്രത്തിൽ എൽനിനോ സൗതേൺ ഓസിലേഷൻ നിലവിൽ ന്യൂട്രൽ സ്ഥിതിയിലാണെന്നും ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാൻ സാധ്യതയെന്നും ഐഎംഡി അറിയിച്ചു.
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ മലാനയിലെ പൻഡോഹ് ഡാം തകർന്നു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളിൽ താമസിക്കുന്നവർ എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ ഹിമാചൽ പ്രദേശിൽ വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
പാരീസ് ഒളിമ്പിക്സിന്റെ ആറാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വപ്നില്‍ സ്വന്തമാക്കി.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല.ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പുനരധിവാസം ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
സഹോദരന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം പറഞ്ഞു. അതിദാരുണമായ സംഭവമാണിത്. എല്ലാവര്ക്കും ആവശ്യമായ പിന്തുണ നല്‍കും. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് പറയുന്നത്. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതി വിധി. കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്സി-എസ്ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങൾക്ക് കഴിയും. ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നൽകേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.