ചില സാങ്കേതിക തകരാര്‍ കാരണം സുസുക്കി ഇന്ത്യ ജനപ്രിയ സുസുക്കി ആക്സസ് 125 സ്കൂട്ടറിന്റെ ഏകദേശം 264,000 യൂണിറ്റുകള്‍ തിരികെ വിളിക്കുന്നതായി പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ 30 നും 2022 ഡിസംബര്‍ 3 നും ഇടയില്‍ നിര്‍മ്മിച്ച സുസുക്കി ആക്സസ് 125-ന്റെ 263,788 യൂണിറ്റുകള്‍ക്കാണ് ഈ തിരിച്ചുവിളിക്കല്‍. ഈ സ്കൂട്ടറുകളിലെ ഇഗ്നിഷന്‍ കോയിലുമായി ബന്ധിപ്പിച്ച ഹൈ ടെന്‍ഷന്‍ കോര്‍ഡിന്റെ തകരാറ് പരിശോധിച്ച് പരിഹരിക്കുകയാണ് ലക്ഷ്യം. തകരാറ് കാരണം എന്‍ജിന്റെ പ്രവര്‍ത്തനം നില്‍ക്കാനും സ്റ്റാര്ട്ടാവാനുള്ള പ്രശ്നവുമുണ്ട്. 2022 ഏപ്രില്‍ 30നും 2022 ഡിസംബര്‍ മൂന്നിനും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഈ കാലയളവിലുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതര്‍ വിവരം അറിയിക്കും. തുടര്‍ന്ന് അടുത്തുള്ള സര്‍വീസ് സെന്ററില്‍ വാഹനമെത്തിക്കണം. പ്രശ്നമുണ്ടെങ്കില്‍ അത് സൗജന്യമായി പരിഹരിക്കുമെന്ന് സുസുക്കി അറിയിച്ചു. സുസുക്കി ആക്സസ് 125-ന് പുറമെ, സുസുക്കി അവെനിസിന്റെ 52,578 യൂണിറ്റുകളും സുസുക്കി ബര്‍ഗ്മാന്റെ 72,045 യൂണിറ്റുകളും ഇതേ കാരണത്താല്‍ തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയും 2022 ഏപ്രില്‍ 30 നും 2022 ഡിസംബര്‍ 3 നും ഇടയില്‍ നിര്‍മ്മിച്ചവയാണ്. മൊത്തത്തില്‍ സുസുക്കി ആക്സസ് 125, സുസുക്കി അവെനിസ്, സുസുക്കി ബര്ഗ്മാന് എന്നിവയുടെ 388,411 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ സുസുക്കി ആക്സസ് 125-ന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുന്‍നിര മോഡലിന് 79,400 മുതല്‍ 89,500 രൂപ വരെയാണ്.