ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്ന് പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോര്‍ട്ടിലാണ് ഏകദേശം അഞ്ച് ബില്യണ്‍ (500 കോടി) ആളുകള്‍, സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍പത്തെ വര്‍ഷത്തെക്കാള്‍ 3.7 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസഖ്യയുളള ഇന്ത്യയില്‍ മൂന്ന് പേരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആഫ്രിക്കയിലാകട്ടെ 11 പേരില്‍ ഒരാള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമയത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എകദേശം രണ്ട് മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് ഒരു ദിവസത്തെ എകദേശ ഉപയോഗം. അതേസമയം, ബ്രസീലില്‍ ഒരു ദിവസം 3 മണിക്കൂര്‍ 49 മിനിറ്റാണ് ശരാശരി സോഷ്യല്‍ മീഡിയ ഉപയോഗം, ജപ്പാന്റെ കാര്യത്തില്‍ ഇത് ഒരു മണിക്കൂറിലും കുറവാണ്. ഏറെ ആളുകളും ഏഴ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ട്വിറ്റര്‍, ടെലിഗ്രാം, മെറ്റയുടെ വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ചൈനീസ് ആപ്പായ വി ചാറ്റ്, ടിക് ടോക്ക്, എന്നിവയാണ് ഇഷ്ട ആപ്പുകള്‍.