അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് മാറ്റര്‍ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒരു മാസത്തിനുള്ളില്‍ 40,000 ബുക്കിംഗുകള്‍ ബൈക്കിന് ലഭിച്ചതായി മാറ്റര്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഗിയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നതാണ് ഐറയുടെ പ്രത്യേകത. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാര്‍ട്ട് വഴിയും കമ്പനി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിലവില്‍, 5,000, 5,000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഐറ എത്തുന്നത്. രണ്ടിനും ഒരേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കുമാണ് ലഭിക്കുന്നത്. യഥാക്രമം 1.74 ലക്ഷം രൂപയും 1.84 ലക്ഷം രൂപയുമാണ് ഇവയുടെ വില. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ റേഞ്ച് 125 കിലോമീറ്ററാണ്. മാത്രമല്ല, സാധാരണ എയര്‍ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചര്‍ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് ഐറ എന്നും കമ്പനി അവകാശപ്പെടുന്നു.