Screenshot 2024 02 27 20 21 14 990 com.android.chrome edit 1

ആംആദ്മി പാര്‍‍ട്ടിക്ക് വേണ്ടി ഡൽഹിയിൽ വോട്ട് അഭ്യർത്ഥിച്ച് രാഹുല്‍ ഗാന്ധി. നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് ആവ‍ത്തിച്ച രാഹുൽ തന്റെ ചോദ്യങ്ങൾ അംബാനിയെ കുറിച്ചും ഇലക്ട്രൽ ബോണ്ടിനെ കുറിച്ചുമായിരിക്കുമെന്നും ചാന്ദ്നി ചൗക്കിലെ റാലിയില്‍ വ്യക്തമാക്കി.

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. പണമായി മാത്രം 849 കോടിയാണ് പിടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്.  114 കോടി യുടെ കറന്‍സി പിടിച്ചെടുത്ത തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറ‍ഞ്ച് അല‍ര്‍ട്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അല‍ര്‍ട്ടാണ്. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാ‍ര്‍ ഹാജരായത്. ശോഭാ സുരേന്ദ്രനെതിരെ താൻ ഉയര്‍ത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ടി ജി നന്ദകുമാർ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് നന്ദകുമാ‍റിനെതിരെ ചുമത്തിയിരുന്നത്.

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതാണ് ഉത്തരവ്. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

ഹെപ്പറ്റൈറ്റിസ് എ വൈറസ് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം  ശ്രദ്ധിച്ചില്ലെങ്കില്‍  ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍  ആദ്യത്തെ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും മുട്ടിൽ മരംമുറി കേസില്‍ പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.  കോടതിയിലെ കേസ് നടത്തിപ്പ്  അനിശ്ചിതത്വത്തിലായിരിക്കുകയാണ് . ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ  അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഈ കേസിൽ എട്ടു പേർക്കെതിരെയാണ്  കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. രണ്ട് തവണ കോടതി പ്രതികള്‍ക്ക്  കുററപത്രം വായിച്ചു കേള്‍പ്പിക്കാൻ   നോട്ടീസ് അയച്ചുവെങ്കിലും  അവർ അവധി അപേക്ഷ നൽകി. വിചാരണ നടപടികളിലേക്ക് കടക്കുമ്പോഴാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ കുറ്റപത്രത്തിനെതിരെ രംഗത്തുവന്നത്.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേര്‍ത്ത യോഗത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ്.  മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയമുയ‍ര്‍ത്തിയാണ്എംഎസ്എഫ് പ്രതിഷേധിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്.  എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ  പ്രതിഷേധത്തെ തുടർന്ന് കൺന്റോൾമെന്റ് പോലീസ്  അറസ്റ്റ് ചെയ്തു.

സോളാർ സമരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം ഇന്നായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഇവർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പാർട്ടി വർക്കിംഗ് കമ്മിറ്റിയാണ് പ്രധാനം അതിനാലാണ് ചടങ്ങിൽ‌ പങ്കെടുക്കാതിരുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

മേയർ ആര്യ രാജേന്ദ്രനും, കെ എസ് ആർ ടി സി ഡ്രൈവർ യദുവുമായുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് യദു ഓടിച്ചിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേ​ഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. കൂടാതെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തി.

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ കൊച്ചിയിലെ വിചാരണ കോടതി അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിൽ അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. 2016 ലായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്.

 

കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. എന്നാൽ കടൽ തീരത്തെ താൽക്കാലിക പ്ലാറ്റ്ഫോം സ്ഥിരമായ ബദൽ മാർഗമാക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പ് അമേരിക്ക യുഎന്നിന് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ 500 ടൺ അവശ്യസാധനങ്ങൾ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകൾ ഇതുവരെ എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പ‍ഞ്ചാബിൽ നടന്ന കോണ്‍ഗ്രസ് റാലിയില്‍ വെടിവെപ്പ്. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിൽ  നടന്ന റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് സംഭവം. വെടിവെപ്പ് നടത്തിയവർ ഓടി രക്ഷപ്പെട്ടു. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നും  ആംആദ്മി പ്രവ‍ര്‍ത്തകരാണ്  വെടിവെപ്പിന് പിന്നിൽ എന്നും   കോൺഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *