ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ സിബിഐയുടെ കുരുക്ക്. ഞായറാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തിയെന്നു നേരത്തെ സിബിഐക്കു മൊഴി ലഭിച്ചിരുന്നു. കെജ്രിവാളിന്റെ സ്റ്റാഫിനെ മാസങ്ങള്‍ക്ക് മുന്‍പ് സിബിഐ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരായ അന്തിമറിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ലൈഫ് മിഷന്‍ കോഴക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം. സ്വപ്‌ന സുരേഷ് പണം സൂക്ഷിച്ചത് ശിവശങ്കറിനു വേണ്ടിയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരനു സസ്പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാണ് നടപടി. തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനു രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനും പിടിയിലായിരുന്നു.
ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുപ്പു നടത്തി. പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിലെത്തിച്ചും തെളിവെടുത്തു. പെട്രോള്‍ പമ്പ് ജീവനക്കാരില്‍നിന്നു മൊഴിയെടുത്തു. പ്രതിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്.
സ്വര്‍ണം തട്ടിപ്പു കേസില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി മുഹമ്മദ് ഷാഫി സഹോദരന്‍ നൗഫലിനെതിരെ ആരോപണം ഉന്നയിച്ചുള്ള പുതിയ വീഡിയോ പുറത്ത്. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നൗഫല്‍ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. 325 കിലോ സ്വര്‍ണം തട്ടിയെടുത്തത് അടക്കം എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണെന്നും ഷാഫി ആവര്‍ത്തിച്ചു.
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് കാപ്പ ചുമത്തി കൂടുതല്‍ പേരെ അറസ്റ്റു ചെയ്തു. ഇതുവരെ 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതിന് പുറമെ 51 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
വന്ദേഭാരത് ട്രെയിനിനേക്കാള്‍ എത്രയോ ആദായമാണ് കെ റെയിലെന്ന അവകാശവാദവുമായി ഫേസ്ബുക്കില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വന്ദേഭാരതില്‍ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നുമാണു സനോജ് പറയുന്നത്. കെ റെയിലിലാണെങ്കില്‍ മൂന്നു മണിക്കൂറും 1325 രൂപയും മാത്രമേ വേണ്ടിവരൂവെന്നു സനോജ് പറയുന്നു. കണ്ണൂര്‍ -തിരുവനന്തപുരം വിമാന യാത്ര്ക്ക് 2897 രൂപയാണു നിരക്ക്. ഒരു മണിക്കൂര്‍ സമയം മതിയെന്നും അദ്ദേഹം കുറിച്ചു. കെ റെയില്‍ എത്രയോ ലാഭമെന്നാണ് സനോജിന്റെ അവകാശവാദം.
മദ്യപിച്ചു ലക്കുകെട്ട് ഭാര്യയോടു വഴക്കിട്ടശേഷം ഭാര്യയെ വെട്ടിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാസര്‍കോട് ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി രാജകുമാരിയില്‍ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിന്‍ കാലയില്‍ എല്‍ദോസ് ഐപ്പ് ആണ് മരിച്ചത്.
സീറ്റു കിട്ടാത്തതിനാല്‍ ബിജെപി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ലക്ഷ്മണ്‍ സാവഡിയുമായി കൂടിക്കാഴ്ച നടത്തി. മുന്‍പ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇദ്ദേഹത്തിനു നല്‍കാമെന്നാണു ധാരണ.
തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ബിജെപി. മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കം എല്ലാ മന്ത്രിമാരും അഴിമതി നടത്തിയെന്ന് ആരോപിച്ചുള്ള പട്ടികതന്നെ ബിജെപി പുറത്തിറക്കി.
രാജസ്ഥാനിലെ കോണ്‍ഗ്രസ് പോര് പരിഹരിക്കാനാകാതെ നേതൃത്വം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. സച്ചിന്‍ പൈലറ്റുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെയും ജനങ്ങളുടേയും വെളിച്ചം കെടുത്തി ഗവര്‍ണര്‍. 46 ലക്ഷം കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി രേഖയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. സൗജന്യ വൈദ്യുതി ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ സര്‍ക്കാര്‍ വീട് ഒഴിയുന്നത്തിന്റെ ഭാഗമായി സാധനങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. 19 വര്‍ഷമായി താമസിക്കുന്ന വീടാണ് ഒഴിയുന്നത്. രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിറകേ, പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ തുഗ്ലക് ലൈനിലെ വസതി ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജമ്മു കാഷ്മീരില്‍ നടപ്പാലം തകര്‍ന്നുവീണ് അറുപതിലധികം പേര്‍ക്ക് പരിക്ക്. ഉധംപൂര്‍ ജില്ലയില്‍ ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് ബൈശാഖി ആഘോഷങ്ങള്‍ക്കിടെ തകര്‍ന്നുവീണത്.