നാദിര്‍ഷ, വിഷ്ണു ഉണ്ണി കൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്‌റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകര്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന്‍ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം.