രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് സഹായകമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നെതര്‍ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്‍ പ്രതിരോധം ഗണ്യമായി കുറയ്ക്കുമെന്ന് ഡയബറ്റോളജിയയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നു. നെതര്‍ലന്‍ഡ്സ് എപ്പിഡെമോളജി ഓഫ് ഒബ്സിറ്റി പഠനത്തില്‍ നിന്നുള്ള ഡേറ്റയാണ് ഗവേഷകര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. ബോഡി മാസ് ഇന്‍ഡെക്സ് 27ഓ അതിന് മുകളിലോ ഉള്ള 45നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോതും ഇന്‍സുലിന്‍ തോതും ഗവേഷകര്‍ അളന്നു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ, ഉച്ചയ്ക്ക് 12 മുതല്‍ ആറ് മണി വരെ വൈകുന്നരം ആറ് മുതല്‍ അര്‍ധരാത്രി വരെ എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളിലായുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ചു. ഇതില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം ശാരീരികമായി സജീവമായിരുന്നവരില്‍ ഇന്‍സുലിന്‍ പ്രതിരോധം 18 ശതമാനം കുറഞ്ഞതായി കണ്ടെത്തി. വൈകുന്നേരം വ്യായാമം ചെയ്യുന്നവരില്‍ 25 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം കുറഞ്ഞിരിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു.