മൂന്നാം കക്ഷി ആപ്പുകള്‍ എന്ന നിലയില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയവയാണ് യു.പി.ഐ പേയ്മെന്റ് വിപണിയില്‍ ഏറെ ജനപ്രിയം. യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന ബാങ്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നവയുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വ്യാപാരി പേയ്മെന്റുകളില്‍ ഏകദേശം 60 ശതമാനം ഇടപാടുകളും യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ഈ നാല് ബാങ്കുകളില്‍ യെസ് ബാങ്കാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത്. 40 ശതമാനം ഇടപാടുകളും യെസ് ബാങ്കിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടപാടുകള്‍ ഇരട്ടിയാക്കാനും യെസ് ബാങ്കിനായി. ഫോണ്‍പേ ഉപയോഗിക്കുന്ന വ്യാപാരികളാണ് പ്രധാനമായും ഉളളത് എന്നതിനാലാണ് യെസ് ബാങ്കിന് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്നത്. അതേസമയം യു.പി.ഐ പേയ്മെന്റുകള്‍ നടത്തുന്ന സാധാരണ ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം എസ്ബിഐ ക്കാണ്. എസ്ബിഐ ക്ക് 25 ശതമാനം വിപണി വിഹിതമുളളപ്പോള്‍ മറ്റ് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് 5 ശതമാനം മുതല്‍ 8 ശതമാനം വരെ വിപണി വിഹിതമാണ് ഉളളത്.