ലോകത്തിലെ ഏറ്റവും അധികം വജ്രങ്ങള്‍ പതിപ്പിച്ച മോതിരം നിര്‍മ്മിച്ച് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് മുംബൈയിലുള്ള ഒരു ജ്വല്ലറി ഗ്രൂപ്പ്. സൂര്യകാന്തി പൂവിനു മുകളില്‍ ഒരു ചിത്രശലഭമാണ് മോതിരം. അന്‍പതിനായിരത്തിലധികം വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഒരു മോതിരം നിര്‍മ്മിച്ചത്. മുംബൈയിലെ ഹരി കൃഷ്ണ എക്സ്പോര്‍ട്ട്സും എച്ച്കെ ഡിസൈനും ആണ് 50,907 വജ്രങ്ങള്കൊണ്ടു പൊതിഞ്ഞ മോതിരം സൃഷ്ടിച്ചത്. ഏറ്റവും കൂടുതല്‍ വജ്രങ്ങളുള്ള ഒറ്റ മോതിരം എന്ന ലോക റിക്കാര്‍ഡാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇവര്‍ക്കു സമ്മാനിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ തിരികെ വിറ്റ സ്വര്‍ണവും വജ്രങ്ങളും റിസൈക്കിള്‍ ചെയ്താണ് ഈ മോതിരം നിര്‍മ്മിച്ചതെന്നതാണ് മറ്റൊരു സവിശേഷത. മോതിരത്തിന് എട്ടു ഭാഗങ്ങളാണുള്ളത്. നാലു പാളി ദളങ്ങള്‍, ശംഖ്, രണ്ടു ഡയമണ്ട് ഡിസ്കുകള്‍, ചിത്രശലഭം എന്നിവ ഉള്‍പ്പെടുന്നു. ഓരോ വജ്രവും വിദഗ്ധ സംഘം കൈകൊണ്ട് ഒരുക്കിയതാണ്. ഒമ്പതു മാസം കൊണ്ടാണ് ഈ മോതിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇങ്ങനെയൊരു മോതിരത്തിന് എന്തു വിലവരും ? ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മോതിരത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് എത്രയെന്നോ? കേട്ടാല്‍ ഞെട്ടരുത്. 7,85,645 ഡോളര്‍. അതായത് ആറര കോടി രൂപ. യൂട്ടിയേരിയ എന്നാണ് മോതിരത്തിനു പേര്. പ്രകൃതിയുമായി ഒന്നാകുക എന്നാണര്‍ത്ഥം. വിലയോടു പൊരുത്തമില്ലാത്ത പേരാണെന്നു മാത്രം.
ലോക റിക്കാര്‍ഡിട്ട വജ്ര മോതിരം
