ഏെറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം 2022ലും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2021നേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ പണമൊഴുക്ക് ചരിത്രത്തില്‍ ആദ്യമായി 10,000 കോടി ഡോളര്‍ ഈ വര്‍ഷം കടക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്സിക്കോ (5,300 കോടി ഡോളര്‍ വീതം), ഫിലിപ്പൈന്‍സ് (3,600 കോടി ഡോളര്‍), ഈജിപ്ത് (3,300 കോടി ഡോളര്‍) എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താവുന്നത്. ഈവര്‍ഷം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 8,000 കോടി ഡോളര്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനേക്കാള്‍ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്ക്.