നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതാണ് യോഗം മാറ്റാൻ കാരണം. നിയമസഭാ സമ്മേളനം ചേരാനിരിക്കേ ഗവർണ്ണർക്കെതിരെ കൊണ്ടുവരുന്ന ബില്ലിൽ പാർട്ടി നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനിരുന്നത്. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ യോഗം മാറ്റി വയ്ക്കുകയായിരുന്നു.
ആർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കോൺഗ്രസ്സിലെ ചില നേതാക്കളും ലീഗും സുധാകരന്റെ വാക്കുകളിൽ നീരസം പ്രകടിപ്പിച്ച സാഹചര്യത്തിൽ രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് പ്രാധാന്യം ഏറെയാണ്. ഇതിനിടയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽഗാന്ധിക്ക് കത്തയച്ചു എന്ന വാർത്ത പരന്നു . എന്നാലത് വെറുതെയെന്നും സുധാകരനൊപ്പമാണ് തങ്ങളെല്ലാവരും എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും വി ഡി സതീശനും രംഗത്തെത്തുകയും ചെയ്തു.