വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയൻ സർക്കാർ ഏഴ് വർഷമായിട്ടും ഒന്നും ചെയ്തില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണ്. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്നാണ് അന്നത്തെ സിപിഎം സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ പരിഹസിച്ചത്.
1992 ൽ എം വി രാഘവൻ തുറമുഖ മന്ത്രിയായിരുന്നപ്പോഴാണ് ഈ പദ്ധതിക്ക് വേണ്ടി ടെണ്ടർ ചെയ്തത് . എന്നാൽ ആരും വന്നില്ല. പിന്നീടൊരു ചൈനീസ് കമ്പനി വന്നുവെന്നും കേന്ദ്ര സർക്കാർ സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അവസാനമായാണ് അദാനി വന്നതും കരാർ ഒപ്പിട്ടതും. ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. അപ്പോഴും പദ്ധതിയെ എൽ ഡി എഫ് എതിർത്തു.
തുടർന്ന് വന്ന പിണറായി സർക്കാർ ജുഡീഷ്യൽ അന്വേഷണം വച്ചുവെങ്കിലും ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റ് നൽകിയാണ് റിപ്പോർട്ട് വന്നത്. വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നും വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്ര വാദികളുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് സമരക്കാരോട് സംസാരിക്കാത്തത് എന്നും ചെന്നിത്തല സഭയിൽ ചോദിച്ചു.