ജീവിതരീതില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ കൂര്‍ക്കംവലി കുറയ്ക്കാനും ഉറക്കനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. നേരെ കിടന്ന് ഉറങ്ങുമ്പോള്‍ നാക്കും അണ്ണാക്കുമൊക്കെ തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് പോകും ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കൂര്‍ക്കംവലിക്ക് കാരണമാകുകയും ചെയ്യും. വശങ്ങളിലേക്ക് കിടന്നുറങ്ങുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടയ്ക്ക് ചുറ്റും ഭാരം കൂടുമ്പോള്‍ ശ്വാസനാളത്തില്‍ സമ്മര്‍ദ്ദമുണ്ടാകും. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പുകവലി ശ്വാസനാളത്തെ അലോസരപ്പെടുത്തും. ഇത് വീക്കത്തിനും ശ്വാസനാളം ചുരുങ്ങാനും കാരണമാകും. പുകവലി ഉപേക്ഷിക്കുന്നത് വീക്കം കുറയ്ക്കാനും ശ്വസനം മെച്ചപ്പെടുത്താനും കൂര്‍ക്കംവലി കുറയ്ക്കാനും സഹായിക്കും. മദ്യം, മയക്കമരുന്ന്, ഉറക്ക ഗുളികകള്‍ എന്നിവ നിങ്ങളുടെ തൊണ്ടയിലെ പേശികള്‍ക്ക് അയവ് വരുത്തും, ഇത് കൂര്‍ക്കംവലി കൂടാന്‍ കാരണമാകുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടണമെങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് ഇവ ഒഴിവാക്കണം. ഉറക്കത്തിന് സ്ഥിരമായ ഒരു ഷെഡ്യൂള്‍ പാലിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് അല്‍പസമയം റിലാക്‌സ് ചെയ്യുന്നതും നല്ല ഉറക്കത്തിന് അനുയോജ്യമായി കിടക്കുന്ന ഇടം ഒരുക്കുന്നതുമെല്ലാം ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൊണ്ടയിലെയും നാവിലെയും പേശികളെ ശക്തിപ്പെടുത്തുന്നത് കൂര്‍ക്കംവലി കുറയ്ക്കും. പാട്ട് പരിശീലിക്കുന്നതും വാദ്യോപകരണങ്ങള്‍ വായിക്കുന്നതുമൊക്കെ ഇതിന് സഹായിക്കും. അല്ലങ്കില്‍ തൊണ്ടയ്ക്കുള്ള പ്രത്യേക വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. തലയിണകളില്‍ അടിയുന്ന പൊടിപടലങ്ങള്‍ കൂര്‍ക്കംവലിക്ക് പിന്നിലെ മറ്റൊരു കാരണമാണ്. അതുകൊണ്ട് ഇവ പതിവായി മാറ്റണം. വളര്‍ത്തുമൃഗങ്ങളെ കട്ടിലില്‍ കിടത്തുന്നതും ഒഴിവാക്കണം. മൂക്കില്‍ കാണപ്പെടുന്ന സ്രവങ്ങള്‍ കട്ടപിടിക്കാനും ഒട്ടിപ്പോകാനും നിര്‍ജ്ജലീകരണം ഒരു കാരണമാണ്. ഇതും കൂര്‍ക്കം വലി കൂടാന്‍ ഇടയാകും. അതുകൊണ്ട് എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan