വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വിദ്യാഭ്യാസമന്ത്രി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമിത വേഗതയ്ക്ക് 1768 ബസുകളെ മോട്ടോര്‍ വാഹനവകുപ്പ് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി. കരിമ്പട്ടികയിലായാലും സര്‍വീസ് നടത്താമെന്നാണു ചട്ടം. അമിത വേഗത്തിനുള്ള പിഴയായ 1500 രൂപ അടക്കാതെയാണ് ബസുകള്‍ ഓടുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ടൂറിസ്റ്റു ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 368 എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഓരോ വാഹനത്തിന്റേയും പിന്നാലെ പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. പടിപടിയായി പരിശോധന വ്യാപകമാക്കുമെന്നു മന്ത്രി പറഞ്ഞു.
നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്നില്ലെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍. കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ടൂറിസ്റ്റ് ബസുകള്‍ ഓടുമ്പോള്‍ നിയമം പാലിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ ആര്‍ക്കും വേണ്ട. നവമാധ്യമങ്ങളില്‍ വന്‍ ആരാധക പിന്തുണയുള്ള ടൂറിസ്റ്റ് ബസുകളെ തേടിയാണ് മറ്റു ജില്ലകളില്‍ നിന്ന് പോലും ആളുകളെത്തുന്നതെന്ന് ബസുടമകള്‍ പറയുന്നു.
അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേനയില്‍ ജോലിക്ക് അയോഗ്യതയെന്നു കരസേന. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്റ് റാലിയില്‍ 23,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. 13,100 പേര്‍ റാലിക്കെത്തി. 705 പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍ ക്ഷേത്രം എന്തിനെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ക്ഷേത്ര നടത്തിപ്പു ചുമതല ആര്‍ക്കാണ്, കാണിക്കയായി ലഭിച്ച പണവും മറ്റും എന്തു ചെയ്യുന്നുവന്ന് ചോദിച്ചിരിക്കുന്നത് ആരോഗ്യവകുപ്പിന്റെതന്നെ ഓഡിറ്റിലാണ്.
സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സിപിഎം നേതാവിനു സസ്പെന്‍ഷന്‍. പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മേപ്പയൂര്‍ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.
ചടയമംഗലത്ത് സ്വന്തം വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് മരിച്ചത്. ശാലിനിയുടെ ഭര്‍ത്താവും മകനും ചേര്‍ന്നാണ് പ്രസവമെടുത്തതെന്നാണ് വിവരം. ശാലിനിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ചികില്‍സാ സൗകര്യം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് അപമാനകരമാണ്. സതീശന്‍ പറഞ്ഞു.
വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. കുടിവെള്ളം മുട്ടിയെന്ന് ജോസ്.
മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു. ജനവാസ കേന്ദ്രങ്ങളിലേക്കു വരുന്നുണ്ടോയെന്ന് മനസിലാക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റല്‍ പൊലീസ്. കൊച്ചിയിലെ പുറംകടലില്‍ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എന്‍സിബി കോസ്റ്റല്‍ പൊലീസിന് കൈമാറി. ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരായ ആറ് പേരെയാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൈമാറിയത്.