വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ റിലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്ന് നടന്‍ വിജയ് എക്സില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കവച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ശേഷം ഒരു സിനിമ കൂടി ചെയ്ത് വിജയ് അഭിനയം അവസാനിപ്പിക്കും. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.