വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ അവിസ്മരണീയമായ ഈണത്തില്‍ രവിശങ്കറും സോണിയ ആമോദുമാണ് ഈ ഗാനം പാടിയത്. മലയാളത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തമിഴില്‍ നവീന്‍ ഭാരതിയുമാണ് വരികള്‍ എഴുതിയത്. റിതേഷും ദേശീയ പുരസ്‌കാരജേതാവായ സുരഭി ലക്ഷ്മിയുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിശാരദ് ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘വീരവണക്കം’. ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങള്‍ ഫ്‌ലാഷ് ബാക്കായി ‘വീരവണക്ക’ത്തില്‍ കാണിക്കുന്നുണ്ട്. 94-ാം വയസ്സില്‍ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്. സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തില്‍ കാഴ്ചവയ്ക്കുന്നത്.