കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.
ഇന്നലെ രാത്രിയിലാണ് രാജനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര സീറ്റ് മറ്റൊരു പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്ന രാജനെ അന്വേഷിച്ച് ബന്ധുക്കൾ എത്തിയപ്പോഴാണ് . രാജനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും രാജന്റെ മുഖത്ത് മർദ്ദനമേറ്റ പാടും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വർണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്.