മാസംതോറുമുള്ള പേയ്മെന്റുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓട്ടോപേ ഫീച്ചര്‍ ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ച. 2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നു. 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഓട്ടോപേ. മൊബൈല്‍ റീചാര്‍ജ്, ഇഎംഐ, ഒടിടി, യൂട്ടിലിറ്റി ബില്ല് തുടങ്ങി വിവിധ സേവനങ്ങള്‍ക്കും സബ്സ്ക്രിപ്ഷനുകള്‍ക്കും ഓട്ടോപേ ഉപയോഗപ്പെടുത്താം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത തീയതിയില്‍ പേയ്മെന്റുകള്‍ സ്വയമേ നടക്കുന്നു. 2024 ജനുവരിയില്‍ എല്ലാ ആവര്‍ത്തിച്ചുള്ള പേയ്മെന്റുകളില്‍ യുപിഐ ഓട്ടോപേ വിഹിതം 33 ശതമാനം മാത്രമായിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 53 ശതമാനം കവിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകളില്‍ കാര്‍ഡുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ 42 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 31 ശതമാനമായാണ് കുറഞ്ഞത്.