ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാക്കാന്‍, പേയ്മെന്റ് സര്‍വീസ് വിപുലീകരിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. എല്ലാ തരത്തിലുള്ള യുപിഐ പേയ്മെന്റ് ഓപ്ഷനുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബിസിനസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധമാണ് വാട്സ്ആപ്പ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഷോപ്പിങ്ങിനായി എളുപ്പത്തില്‍ ബിസിനസ് ഇടപാട് നടത്താന്‍ കഴിയും. നിലവില്‍ വാട്സ്ആപ്പ് പേ വഴി ഇടപാട് നടത്താന്‍ കഴിയും. എന്നാല്‍ റെഗുലേറ്റര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് വാട്സ്ആപ്പിന് 50 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 10 കോടി ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്സ്ആപ്പ് പേ വഴി പണമിടപാട് നടത്താന്‍ കഴിയുകയുള്ളൂ. വാട്‌സ്ആപ്പില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഗൂഗിള്‍ പേ, പേടിഎം പോലുള്ള മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനും നിലവില്‍ സാധിക്കും. പക്ഷേ വാട്സ്ആപ്പിന് പുറത്തേയ്ക്ക് റീഡയറക്ട് ചെയ്ത് മാത്രമേ പണമിടപാട് നടത്താന്‍ കഴിയൂ. എന്നാല്‍ പണമിടപാട് സംവിധാനം വിപുലീകരിച്ചതോടെ, വാട്സ്ആപ്പില്‍ നിന്ന് കൊണ്ട് തന്നെ മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മെറ്റ അറിയിച്ചു. വാട്സ്ആപ്പില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ എന്നതാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു നിബന്ധന.