ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രത്യേക പതിപ്പായ എ77 പുറത്തിറക്കുന്നു. ചന്ദ്രയാന്‍-3-നോടുള്ള ആദരസൂചകമായി എഫ് 77 സ്‌പേസ് എഡിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ എക്സ്-ഷോറൂം വില 5.60 ലക്ഷം രൂപയാണ്. ഈ പുതിയ മോഡലിലൂടെ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രലോകത്തെ ആദരിക്കുന്നതായി ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നു. ബോഡിയിലുടനീളം വിശാലമായ എയ്റോസ്പേസ്-ഗ്രേഡ് മെറ്റീരിയലുകള്‍ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ മോഡലിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. അള്‍ട്രാവയലറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപയാണ് വില. അതേസമയം റീകണ്‍ പതിപ്പിന് 4.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. എ77 സ്‌പേസ് എഡിഷന്റെ വരവോടെ അള്‍ട്രാവയലറ്റ് പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ചവിട്ടുപടികള്‍ സ്ഥാപിക്കുകയാണ്. എഫ്77 സ്പേസ് എഡിഷന്റെ ബുക്കിംഗ് ഓഗസ്റ്റ് 22 വൈകുന്നേരം ഔദ്യോഗിക വെബ്സൈറ്റില്‍ തുറക്കും. ബൈക്കിന്റെ 10 യൂണിറ്റുകള്‍ മാത്രമായിരിക്കും നിര്‍മ്മിക്കുക. മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് അള്‍ട്രാവയലറ്റ്.