ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണം 7800 കടന്നു; സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു, കഠിനമായ തണുപ്പ് പ്രധാന തടസ്സം.
തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹമാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.