വീട്ടില്‍ എപ്പോഴും ഒരു തുളസിച്ചെടി ഉണ്ടാകേണ്ടത് പ്രധാനമാണ്. ചുമയും ജലദോഷവും പോലെയുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മികച്ച ഔഷധമാണ് തുളസി. ഇവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യും. എന്നാല്‍ തുളസി പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതില്‍ മെറ്റബോളിസം നിര്‍ണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോള്‍ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവു വര്‍ധിപ്പിക്കുകയും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. തുളസി കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ തുളസി നല്ലതാണ്. ഇത് വിശപ്പും മധുരത്തോടുള്ള ആസക്തിയും കുറയ്ക്കാന്‍ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും. ദഹനം മെച്ചപ്പെടുത്താന്‍ തുളസി ശീലമാക്കുന്നത് സഹായിക്കും. ഇത് ബ്ലേട്ടിങ്, ഗ്യാസ് പോലുള്ള ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കും. കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാന്‍ ഇത് എളുപ്പം സഹായിക്കും. വിശപ്പിനെ കൂട്ടുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറക്കാന്‍ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.