ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ 40 കോടിയിലേക്ക് കടന്ന് ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല. ഒമ്പതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതില്‍ 1.36 കോടി രൂപ കേരളത്തില്‍ നിന്നാണ് നേടിയത്. ചിത്രം ഇത് വരെ കളക്ട് ചെയ്തത് 38.5 കോടി രൂപയാണ്. 20.03 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്. എട്ടാം ദിനം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചത്. ഏഴാം ദിവസം 1.5 കോടി രൂപ ആകെ നേടി. ഇതില്‍ 1.25 കോടി രൂപയും കേരളത്തില്‍ നിന്നായിരുന്നു. ആറാം ദിവസം 1.75 കോടി രൂപയാണ് ആകെ കളക്ട് ചെയ്തപ്പോള്‍ 1.2 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള വിഹിതം. ചിത്രം ആദ്യ ദിനം നേടിയത് 7.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും.
ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യം കൂടി കടുത്ത സാമ്പത്തികഞെരുക്കത്തില്‍. ചൈനയ്ക്കും ഇന്ത്യയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന കുഞ്ഞന്‍രാജ്യമായ ഭൂട്ടാനാണ് വിദേശ നാണയശേഖരത്തിലെ ഇടിവുമൂലം വലയുന്നത്. പ്രതിസന്ധി തരണം ചെയ്യാനായി വാഹന ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭൂട്ടാന്‍ സര്‍ക്കാര്‍. 2021 ഏപ്രിലിലെ 146 കോടി ഡോളറില്‍ നിന്ന് 97 കോടി ഡോളറിലേക്ക് ഭൂട്ടാന്റെ വിദേശ നാണയശേഖരം ഇടിഞ്ഞിരുന്നു. 12 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായ തുക വിദേശ നാണയശേഖരത്തില്‍ കരുതണമെന്ന് ഭൂട്ടാനില്‍ നിയമമുണ്ട്. ഇതു പാലിക്കാനായാണ് വാഹന ഇറക്കുമതിക്ക് നിയന്ത്രണം. എട്ടുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഭൂട്ടാന് തിരിച്ചടിയായത് റഷ്യ-യുക്രെയിന്‍ യുദ്ധം മൂലം ക്രൂഡോയില്‍, ധാന്യം തുടങ്ങിയവയ്ക്ക് വിലയേറിയതാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും തിരിച്ചടിയായി.
ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി ഏപ്രില്‍-ജൂലായില്‍ 6.4 ശതമാനം ഉയര്‍ന്ന് 1,290 കോടി ഡോളറിലെത്തി. കഴിഞ്ഞവര്‍ഷത്തെ സമാനകാലത്ത് ഇറക്കുമതി 1,200 കോടി ഡോളറിന്റേതായിരുന്നു. അതേസമയം, കഴിഞ്ഞമാസം ഇറക്കുമതി 43.6 ശതമാനം ഇടിഞ്ഞ് 240 കോടി ഡോളറായിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യമാസങ്ങളിലുണ്ടായ ആഭ്യന്തര ഡിമാന്‍ഡ് പിന്നീട് കുറഞ്ഞതാണ് ഇതിനുകാരണം. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലായില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കാഡ് 3,000 കോടി ഡോളറില്‍ എത്തിയിരുന്നു. സ്വര്‍ണം ഇറക്കുമതി വര്‍ദ്ധനയും ഇതിന് മുഖ്യകാരണമാണ്. 1,063 കോടി ഡോളറായിരുന്നു 2021 ഏപ്രില്‍-ജൂലായില്‍ വ്യാപാരക്കമ്മി. ഏപ്രില്‍-ജൂലായില്‍ ഇന്ത്യയില്‍ നിന്നുള്ള ജെം ആന്‍ഡ് ജുവലറി കയറ്റുമതി 7 ശതമാനം ഉയര്‍ന്ന് 1,350 കോടി ഡോളറിലെത്തി.
രണ്ട് പതിറ്റാണ്ടിലേറെയായി ദശലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കി ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ താരരാജാവായി വാഴുന്ന ഹോണ്ട ആക്ടീവയ്ക്ക് പ്രീമിയം എഡിഷന്‍. 75,400 രൂപ ഡല്‍ഹി എക്സ്ഷോറൂം വിലയുമായി ആക്ടീവ പ്രീമിയം എഡിഷന്‍ കഴിഞ്ഞവാരം വിപണിയിലെത്തി. രൂപകല്പനയിലും ടെക്നോളജിയിലും വന്‍ മാറ്റങ്ങളുമായാണ് പുതിയതാരത്തിന്റെ വരവ്. മുന്നില്‍ സുവര്‍ണനിറത്തില്‍ ‘ഹോണ്ട’ മാര്‍ക്കിംഗ് കാണാം. വശങ്ങളില്‍ 3ഡി ആക്ടീവ എംബ്‌ളവും സ്വര്‍ണനിറത്തില്‍ തിളങ്ങുന്നു. വശങ്ങളിലും വീലിലുമെല്ലാം പ്രീമിയം എഡിഷന്റെ ഈ തിളക്കം കാണാം. ഡാഷിലും സീറ്റുകളിലും തൂവിയിട്ടുള്ള ബ്രൗണ്‍നിറമാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം കറുപ്പഴകുള്ള ഫ്രണ്ട് സസ്പെന്‍ഷനും എന്‍ജിന്‍ കവറും ചേരുമ്പോള്‍ സ്‌കൂട്ടറിന് പ്രീമിയം ലുക്കും കിട്ടുന്നു. മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്‌ളൂ നിറഭേദങ്ങളാണുള്ളത്.
സി.എല്‍. ജോസിന്റെ ആത്മകഥയെന്നോ നാടകസ്മരണകളെന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിന്റെ കര്‍ട്ടന്‍ ഉയരുന്നത്, അദ്ദേഹത്തിന്റെ ജീവിതനാടകത്തിലേക്കും നാടക ജീവിതത്തിലേക്കുമാണ്. ഒരു പതിനൊന്നുകാരന്റെ സ്‌കൂള്‍ നാടകാഭിനയം മുതല്‍ നവതിപൂര്‍ണിമ വരെയുള്ള ഒരു രംഗവേദി ഇവിടെ കാണാം. ‘നാടകത്തിന്റെ കാണാപ്പുറങ്ങള്‍’. സി എല്‍ ജോസ്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 237 രൂപ.
ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. അതില്‍ വരണ്ട ചര്‍മ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചര്‍മ്മമുള്ളവര്‍ വെള്ളം ധാരാളം കുടിക്കാം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള എമോളിയന്റുകള്‍ ചര്‍മ്മത്തിന് കോശങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി ചര്‍മ്മം കൂടുതല്‍ സുഗമമാക്കും. നിങ്ങളുടെ ചര്‍മ്മത്തിലെ വരള്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. പെട്രോളിയം ജെല്ലിക്ക് ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പെട്രോളിയം ജെല്ലിയില്‍ അടങ്ങിയിട്ടുള്ള മിനറല്‍ ഓയില്‍ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. ഇത് ചര്‍മ്മം വരളുന്നതും ചൊറിച്ചിലുണ്ടാകുന്നതും തടയാന്‍ സഹായിക്കും. അന്തരീക്ഷത്തിലുള്ള വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൈകളെയാണ്. അത് കൊണ്ട് തന്നെ കൈയുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ ചൂട് ആവശ്യത്തിന് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കിയ ശേഷം കുളിക്കുക. അധികം ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാന്‍ കാരണമാകും. നിങ്ങളുടെ ചര്‍മ്മത്തിന് പ്രശ്നം ഉണ്ടാക്കുന്ന സാധനങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.