വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി നാഗ് അശ്വിന്‍-പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയ്ലര്‍. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങിയവര്‍ എല്ലാം ട്രെയ്ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. ഇന്ത്യന്‍ മിത്തോളജിയിലെ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പ്രഭാസിനേക്കാളേറെ അമിതാഭ് ബച്ചന്റെ ആക്ഷന്‍ സീക്വന്‍സുകളാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. ‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് ‘കോംപ്ലക്‌സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിലായാണ് സിനിമ എത്തുന്നത്. ദിഷ പഠാനി, അന്ന ബെന്‍, പശുപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക അവതരിപ്പിക്കുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘ഭൈരവ’യായി പ്രഭാസും വേഷമിടുന്നു. ജൂണ്‍ 27ന് ആണ് റിലീസ്.