മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ടോറന്റ് പവര്‍ ലിമിറ്റഡ്. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 88 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, അറ്റാദായം 694.5 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 369.4 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. അറ്റാദായത്തിന് പുറമേ, കമ്പനിയുടെ മൊത്ത വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അവലോകന പാദത്തില്‍ മൊത്ത വരുമാനം 71 ശതമാനം വര്‍ദ്ധിച്ച് 6,442.8 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇത് 3,767.4 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ പ്രവര്‍ത്തന വരുമാനം 53 ശതമാനം ഉയര്‍ന്ന് 1,527 കോടി രൂപയായി. വിതരണ ബിസിനസുകളില്‍ നിന്നും ലഭിച്ച ഉയര്‍ന്ന ആദായം വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇത്തവണ നിക്ഷേപകര്‍ക്കായി ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 22 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്.