ചിലര്‍ ഉറക്കം തീരെയില്ലെന്ന പരാതി പറയുമ്പോള്‍, മറ്റുചിലര്‍ അമിത ഉറക്കം ഉള്ളവരാണ്. എന്നാല്‍ അമിത ഉറക്കം അത്ര നല്ലതല്ല എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടുതലായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇടയ്ക്കിടെയുള്ള ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ ഹൈപ്പര്‍ടെന്‍ഷനിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും അല്ലെങ്കില്‍ സ്‌ട്രോക്കിനും ഇടയ്ക്കിടെയുള്ള ഉറക്കം ഒരു അപകട ഘടകമാകുമോ എന്ന് ചൈനയിലെ ഗവേഷകര്‍ പരിശോധിച്ചു. ഇടയ്ക്കിടെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്‌കെമിക് സ്‌ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഇതിനായി 2006 നും 2010 നും ഇടയില്‍ യുഎസില്‍ താമസിച്ചിരുന്ന 40 നും 69 നും ഇടയില്‍ പ്രായമുള്ള 500,000-ത്തിലധികം പങ്കാളികളെ യുകെ ബയോബാങ്ക് റിക്രൂട്ട് ചെയ്തു. അവര്‍ പതിവായി രക്തം, മൂത്രം, ഉമിനീര്‍ എന്നിവയുടെ സാമ്പിളുകളും അവരുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും നല്‍കി. ഉച്ചയുറക്കവും സ്‌ട്രോക്ക് അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. 11 വര്‍ഷം ഫോളോ അപ്പ് ചെയ്തു. രാത്രിയിലെ മോശം ഉറക്കം മോശം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അത് നികത്താന്‍ അമിത ഉറക്കം പര്യാപ്തമല്ല താനും. പലരും രാത്രി ഉറക്കമില്ലായ്മ പരിഹരിക്കാനായാണ് കൂടുതല്‍ ഉറങ്ങുന്നത്. എന്നാല്‍, ഇത് ഹൃദയാരോഗ്യത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും ഉള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.