കാലാവസ്ഥയും ടോണ്‍സിലൈറ്റിസും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ചില പ്രത്യേക ബാക്ടീരിയകളും വൈറസുകളും കൂടുതല്‍ പെരുകുന്നതും അവ ശരീരത്തിലേക്കു കടക്കുന്നതും ചില പ്രത്യേക കാലാവസ്ഥയുണ്ടാകുമ്പോഴാണ്. എന്നാല്‍ ഏതു കാലാവസ്ഥയിലും ടോണ്‍സിലൈറ്റിസ് ഉണ്ടാകാം. ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണു ടോണ്‍സിലൈറ്റിസ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ രോഗാണു ശക്തനാവുമ്പോഴോ ടോണ്‍സിലില്‍ അണുബാധയുണ്ടായി വീക്കവും പഴുപ്പും ഉണ്ടാകും. രണ്ടു മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലാണു പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മുതിര്‍ന്നവരിലും ഈ രോഗമുണ്ടാകാമെങ്കിലും 50 വയസിനു ശേഷം ഇതു വളരെ അപൂര്‍വമാണ്. ബാഹ്യാന്തരീക്ഷത്തിലും ശരീരത്തിലും രോഗാണു വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ രോഗം വേഗത്തില്‍ പിടിപെടുന്നു. സാധാരണ ടോണ്‍സില്‍ കാണപ്പെടുന്നതിനേക്കാള്‍ വലുപ്പം കൂടുന്നതായി കാണപ്പെട്ടാല്‍ രോഗാവസ്ഥയുള്ളതായി കണക്കാക്കാം. ചുവന്നനിറം, വീക്കം, ടോണ്‍സിലില്‍ മഞ്ഞ നിറത്തിലുള്ള കുത്തുകള്‍ എന്നിവ ലക്ഷണങ്ങളാണ്. ചിലരില്‍ താടിയുടെ അടിഭാഗത്തായി ലിംഫ്‌നോഡ് ഗ്രന്ഥികള്‍ വീങ്ങിയിരിക്കുന്നതിന്റെ ഫലമായി ചെറിയ തടിപ്പും കാണപ്പെടും. ടോണ്‍സിലൈറ്റിസ് ഉള്ളപ്പോള്‍ ഈ തടിപ്പില്‍ തൊട്ടാല്‍ വേദന അനുഭവപ്പെടും. ടോണ്‍സിലൈറ്റിസിനു ചികിത്സിക്കാതിരുന്നാല്‍ ടോണ്‍സില്‍ അണുബാധ ശക്തമായി അതു കഴുത്തിലേക്കു ബാധിച്ചു മരണകാരണമായി വരെ തീരും. അതുപോലെ ചികിത്സിക്കാതിരിക്കുന്നതു ഹൃദയത്തെയും വൃക്കയേയും വരെ ദോഷകരമായി ബാധിക്കാം. വീട്ടില്‍ ഒരാള്‍ക്കു ടോണ്‍സിലൈറ്റിസ് ഉണ്ടായാല്‍ ഒരാളില്‍ നിന്നും രോഗം മറ്റൊരാളിലേക്കു പെട്ടെന്നു പകരും. രോഗിയുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ വരുന്ന സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴാണു ടോണ്‍സിലൈറ്റിസ് പകരുന്നത്. ടോണ്‍സിലൈറ്റിസുള്ളവരില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായും ടവ്വല്‍ ഉപയോഗിച്ചു പൊത്തിപ്പിടിക്കുക.