പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വർഷവും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാകുക എന്നതും പ്രധാന ലക്ഷ്യമാണ്.