വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ബള്‍ട്ടി’യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകര്‍ച്ചയില്‍ രൗദ്രഭാവത്തോടെ, ഉദയന്‍ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയില്‍ ഷെയിന്‍ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്സാണ്ടര്‍ എന്നിവര്‍ നിര്‍മ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം. കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ ജനസമ്മിതിയാണ് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പുറത്തിറങ്ങുന്ന ഈ ചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.