ഉല്ലാസ് ചെമ്പന്റെ സംവിധാന സംരംഭമായ ‘അഞ്ചക്കള്ളകോക്കാ’ന്റെ ആദ്യ ഗാനമായ ”തുമ്പി” വ്യത്യസ്തത പുലര്‍ത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ഗാനം റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷക്കണക്കിനാളുകള്‍ അത് സ്വീകരിച്ചു കഴിഞ്ഞു. പോസ്റ്ററിലും ട്രെയിറിലും ഉണ്ടായിരുന്ന വ്യത്യസ്തത ഈ ഗാനത്തിലും പരീക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായ തുമ്പിതുള്ളല്‍ കലാരൂപത്തിന്റെ ആവേശം, ഒട്ടുംചോരാതെ പ്രേക്ഷകര്‍ക്ക് പരിചയപെടുത്തുകയാണ് സംഗീത സംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പ. ഈ ഗാനം ആലപിച്ചിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ കൊള്ളന്നൂര്‍ പഞ്ചായത്തിലെ വര്‍ഷങ്ങളായി തുമ്പി തുള്ളുന്ന മാളു ചേച്ചിയും കൂട്ടുകാരുമാണ്. നാടന്‍ തല്ലും നാടന്‍ പാട്ടും കൂടി ഒരു ട്രാന്‍സ് മോഡിന്റെ താളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ലുക്മാന്‍ അവറാനുമാണ് മുഖ്യ കഥാപാത്രങ്ങള്‍ ആയി അവതരിപ്പിക്കുന്നത്. അതോടൊപ്പം മണികണ്ഠന്‍ ആര്‍ ആചാരി, മേഘ തോമസ്, മെറിന്‍ മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി, പ്രവീണ്‍ ടി ജെ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിച്ചര്‍സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികില്‍ വേണുവും ഉല്ലാസ് ചെമ്പനും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 15 ന് തിയറ്ററുകളിലെത്തും.