കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുമ്പ് കോവിഡ് ബാധിച്ച 18 വയസിന് മുകളില്‍ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്‌പേഷ്യല്‍ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വിലയിരുത്തി. രോഗം ബാധിച്ചവര്‍ക്ക് മെമ്മറിയിലും എക്‌സിക്യൂട്ടീവ് ടാസ്‌ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവില്‍ ആറ് പോയിന്റ് കുറവുണ്ടായതായും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരില്‍ ഐക്യുവിന് ഒമ്പത് പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. സാധാരണയായി ശരാശരി ഐക്യു അളവ് 100 ആണ്. 130-ന് മുകളിലുള്ള ഐക്യു ഉയര്‍ന്ന പ്രതിഭാധനനായ വ്യക്തിയെ സൂചിപ്പിക്കുന്നു, അതേസമയം 70-ല്‍ താഴെയുള്ള ഐക്യു പൊതുവെ സാമൂഹിക പിന്തുണ ആവശ്യമായി വന്നേക്കാവുന്ന ബൗദ്ധിക വൈകല്യത്തെ സൂചിപ്പിക്കുന്നു. രണ്ടോ അതിലധികമോ ഡോസ് വാക്സീന്‍ കോവിഡിനെതിരെ എടുത്തവര്‍ക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഒറിജിനല്‍ വൈറസ് മൂലം അണുബാധയേറ്റവര്‍ക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്നങ്ങള്‍ അടുത്ത കാലത്തായി പുതു വകഭേദങ്ങളില്‍ നിന്ന് അണുബാധയേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.