തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവൻ ബിരുദ സർട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാൻ കോളജ് അധികൃതർ തീരുമാനിച്ചു. പരീക്ഷ പാസാകാതെ സർട്ടിഫിക്കറ്റ് കിട്ടിയ വിദ്യാർത്ഥികളിൽ നിന്നും സർട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി. ഇവർ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിലായത്.
ഗുരുതര വീഴ്ചയാണ് പരീക്ഷ പാസ്സാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതിൽ ഉണ്ടായതെന്ന് ആരോഗ്യസർവകലാശാല വിലയിരുത്തി. തുടർന്നാണ് ചടങ്ങിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റ് തിരികെ ഏൽപ്പിക്കാൻ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്.
സർവകലാശാലയുടെയോ, കോളജിന്റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് ചടങ്ങിൽ വിതരണം ചെയ്തതെങ്കിലും
മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ നൽകാൻ കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പരീക്ഷ പാസ്സാകാത്ത ഏഴ് പേരാണ് പങ്കെടുത്തത്. ഇവർ പ്രതിജ്ഞ ചൊല്ലുകയും വിസിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കയും ചെയ്തിരുന്നു .