ചില ശീലങ്ങള്‍ പലതരം രോഗങ്ങള്‍ ക്ഷണിച്ചു വരുത്തി നമ്മുടെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയെടുക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതില്‍ ഒന്നാമത്തേതാണ് വെള്ളം കുടിക്കല്‍. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. ഇത് നടക്കാതെ വരുന്നത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചൂട് കാലത്ത് വിയര്‍പ്പിലൂടെ ധാരാളം വെള്ളം നഷ്ടപ്പെടുമെന്നതിനാല്‍ ഈ അളവ് വര്‍ധിപ്പിക്കണം. റെസ്യൂമെയിലും മറ്റും ഒരു നൈപുണ്യമായി പലരും മള്‍ട്ടിടാസ്‌കിങ്ങിനെ ചേര്‍ക്കാറുണ്ട് എന്നതൊക്കെ ശരി. എന്നാല്‍ ഇത് നമ്മുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. രാത്രിയിലെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. വൈകിയുള്ള അത്താഴം കഴിപ്പ് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അര്‍ധരാത്രിയില്‍ സ്‌നാക്‌സും മറ്റും കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനുമെല്ലാം കാരണമാകാം. ഒരു ഏഴ്-എട്ട് മണിക്ക് മുന്‍പെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അധികമായാല്‍ അമൃത് മാത്രമല്ല വ്യായാമവും വിഷമാണ്. അമിതമായ വ്യായാമം നമ്മുടെ പേശികളെയും ശരീരത്തെയും ക്ഷീണിപ്പിച്ച് നമ്മെ രോഗബാധിതരാക്കും. ഇതിനാല്‍ ഓരോരുത്തരുടെയും ശരീരത്തിന് അനുസരിച്ചുള്ള വ്യായാമം പിന്തുടര്‍ന്നാല്‍ മതിയാകും. ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമെല്ലാം നമ്മുടെ ഉറക്കത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. മൊബൈലും മറ്റും നോക്കിയിരുന്ന് രാത്രി വളരെ വൈകി ഉറങ്ങുന്നത് യുവാക്കള്‍ക്കിടയില്‍ പതിവാണ്. ഈ ദുശ്ശീലം പ്രതിരോധ സംവിധാനത്തെ തന്നെ ബാധിച്ച് പലവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതാണ്. വിശപ്പില്ലാത്തപ്പോള്‍ ഭക്ഷണം കഴിക്കുന്നത് ദഹനസംവിധാനത്തെ മാത്രമല്ല കരളിന്റെ ആരോഗ്യത്തെയും ബാധിക്കും. ടിവിയും മറ്റും കാണുമ്പോള്‍ ചുമ്മാ ഒരു രസത്തിന് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.