പൂരം നടത്തിപ്പിലെ പാളിച്ചകളിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന് എതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന. കമ്മിഷണറുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. പൊലീസിന്റെ ഇടപെടൽ അനാവശ്യമായിരുന്നുവെന്ന് എല്‍ഡിഎഫ് തൃശൂർ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പൂരം വെടിക്കെട്ട് വൈകിയതിന്റെ ഉത്തരവാദിത്വം കമ്മിഷണർക്കാണെന്ന് ദേവസ്വങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് മാററുകയും, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ കമ്മിഷണർ അങ്കിത് അശോക് അനുവദിക്കുകയും ചെയ്തില്ല. ഇതേ ചൊല്ലി, ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു.