നാഗാലാൻഡ് നിയമസഭ തിരഞ്ഞടുപ്പിൽ സൽഹൗതുവാനോ കർസ്,ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം ചരിത്രമായി. 12 നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും 60 അംഗ സഭയിലേക്ക് ഒരു വനിതയും ജയിച്ചിരുന്നില്ല. ജനങ്ങൾ മന:സ്ഥിതി മാറ്റണമെന്ന് മുഖ്യമന്ത്രി നെഫ്യുറിയോ തിരഞ്ഞടുപ്പുവേളയിൽ പറഞ്ഞിരുന്നു. റിയോയുടെ പാർട്ടിയായ എൻഡിപിപി അംഗങ്ങളാണ് ഹോട്ടൽ ഉടയായ കർസും, ഡൽഹി യൂണിവേഴ്സിറ്റി അധ്യാപികയായ ജകാലുവും. നിയമസഭയിലേക്ക് വനിത ആദ്യമാണെങ്കിലും 1977 ൽ റാനോ എം ഷായിസ സംസ്ഥാനത്തെ ഏക ലോകസഭ സീറ്റിൽ വിജയിച്ചിരുന്നു. കഴിഞ്ഞ വർഷം എസ് ഫാൻഗ്നൻ കോന്യാക് ബിജെപിയുടെ രാജ്യസഭ അംഗവുമായി.
പെൺകുട്ടികളുടെ വിദ്യാഭ്യാസം , ആരോഗ്യം, വിവാഹ പ്രായം , സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ അടക്കമുള്ള കാര്യങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണ് നാഗാലാൻഡിന്റെ സ്ഥാനം.