വാക്കുകൾ കൊണ്ട് പരസ്പരം ഗോൾ അടിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും. സംസ്ഥാനത്തിന്റെ ടൂറിസംbനേട്ടങ്ങൾ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ചൂണ്ടിക്കാണിച്ചപ്പോൾ ഗുജറാത്തിലെ നേട്ടങ്ങളാണ് കേന്ദ്രമന്ത്രി ചൂണ്ടി കാണിച്ചത്.
കേരളത്തിന്റെ ടൂറിസം വളർച്ചയെ ചൊല്ലി പൊതു വേദിയിൽ വാക് പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മരുമകനും ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസും കളത്തിലിറങ്ങി
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയൻസിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു വാക്കുകൾ കൊണ്ടും അവകാശവാദങ്ങൾ കൊണ്ടും ഉള്ള ഈ ഏറ്റുമുട്ടൽ.
നമ്മുടെ നാടിൻ്റെ ആഭ്യന്തര വരുമാനത്തിൻ്റെ പത്ത് ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാൻ ഈ കണക്ക് പറയുന്നത്. മറ്റു ചിലര്‍ കേരളത്തിൻ്റെ വരുമാനം വേറെ നിലയിലാണെന്ന് പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണെന്ന് ഗവർണറുടെ മുൻ പ്രസ്താവനയെ പറയാതെ പറഞ്ഞ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം മദ്യവും ലോട്ടറിയും വിറ്റാണ് പണം ഉണ്ടാക്കുന്നതെന്ന് ഒരു മാസം മുന്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയുടെ പരോക്ഷ പരാമര്‍ശം. ഇത് തിരിച്ചറിഞ്ഞ് അതേ വേദിയിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് എത്തി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരമേഖലയിൽ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റവും അതവിടെ സൃഷ്ടിച്ച വ്യവസായ -നിക്ഷേപ സൗഹൃദ അന്തരീക്ഷം നമ്മൾ കാണണം. മിന്നൽ ഹര്‍ത്താലും പണിമുടക്കുമില്ലാത്ത ഒരു സാഹചര്യം അവിടെയുണ്ടെന്ന് വി.മുരളീധരൻ അഭിപ്രായപ്പെട്ടു.
ഗുജറാത്തിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സംസാരിച്ച് നിര്‍ത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഊഴം
കേരളത്തിലേക്ക് കൊവിഡിന് ശേഷം ആളുകൾ കടന്നുവരാനുള്ള ഒരു കാരണം ജനങ്ങളുടെ പ്രത്യേകതയാണ്. സുന്ദരമായ ഭൂപ്രകൃതിക്കൊപ്പം ജനങ്ങളുടെ ഐക്യവും മതനിരപേക്ഷതയും സൗഹാര്‍ദ്ര മനോഭാവവും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നുവെന്നായിരുന്നു മുഹമ്മദ് റിയാസ് അവകാശപ്പെട്ടത്
കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും വാക്കുകൾ കൊണ്ട് ഗോളടിക്കുമ്പോൾ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശിതരൂർ എംപി തുടങ്ങി നിരവധി ക്ഷണിതാക്കൾ ഇതിനെല്ലാം സാക്ഷികളായി വേദിയിലുണ്ടായിരുന്നു.
.