കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കുന്നതിനായി ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തി. രാത്രിയോടെ ദില്ലിയിലെത്തുന്ന കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനാർഥി ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി ഇനിയും സമയം അനുവദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി.എല്ലാ സംസ്ഥാനങ്ങൾക്കും ഇന്റലിജൻസ് വിഭാഗം ജാഗ്രതാ നിർദേശവും നല്‍കിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു. നാല് ശതമാനം വർധിപ്പിച്ചതോടെ ക്ഷാമബത്ത 38 ശതമാനമാകും. 2022 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർധിപ്പിച്ചിട്ടുള്ളത്.
കേന്ദ്രസർക്കാരിന്‍റെ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടി. പദ്ധതി നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീട്ടിയത് . കൊവിഡ് മഹാമാരിയുടെ കാലത്തു തുടങ്ങിയ പി എം ജി കെ വൈ പദ്ധതി കഴിഞ്ഞ മാർച്ചിലും ആറ് മാസത്തേക്ക് നീട്ടിയിരുന്നു.
ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച ബിപിൻ റാവത്തിന് പിൻഗാമിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്) യാകും.രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന് ശേഷമാണ് പുതിയ നിയമനം നടത്തിയത് . കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്.
കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഓക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
https://youtu.be/oId4kv1tvW0