ദേശീയ പുരസ്‌കാരം നേടിയ അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിടുതലൈ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തമിഴ് സിനിമകളില്‍ ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മത്സരിച്ചഭിനയിക്കുന്ന സൂരിയെയും സേതുപതിയെയും ട്രെയിലറില്‍ കാണാം.
ജയമോഹന്റെ ‘തുണൈവന്‍’ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥ. രണ്ട് വര്‍ഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ. ഗൗതം വസുദേവ് മേനോന്‍, പ്രകാശ് രാജ്, രാജീവ് മേനോന്‍, ഭവാനി ശ്രീ, ചേതന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ മകന്‍ സൂര്യയും ചിത്രത്തിലൊരു വേഷത്തിലെത്തുന്നു. വിടുതലൈ’യില്‍ ആദിവാസി കുട്ടിയുടെ വേഷത്തിലാണ് ജൂനിയര്‍ സേതുപതി എത്തുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.