ഉത്തരാഖണ്ഡിൽ 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ. മലയാളിയായ പി.ടി.ഉഷ അസോസിയേഷൻ അധ്യക്ഷയായിരിക്കെ ഇത്തരമൊരു തീരുമാനം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു എന്നാൽ വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇപ്പോൾ പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കളരിപ്പയറ്റ് ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് ഉഷ നേരത്തേ തന്നെ മുഖംതിരിച്ചതായി പരാതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി
