രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനോത്സവം’. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റര്‍ടെയ്‌നര്‍ ആണ്. വിഷു റിലീസ് ആയി ഏപ്രില്‍ 14 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ ‘മദനന്‍ റാപ്പ്’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.