അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാല്‍ സമുദ്രോത്പന്ന കയറ്റുമതി മേഖല തളരുന്നു. ഇക്വഡോര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരം ശക്തമായതും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 409 കോടി ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 905 കോടി ഡോളറിന്റെ വില്പനയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2022-23 വര്‍ഷത്തില്‍ കയറ്റുമതി 809 കോടി ഡോളറായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി ആദ്യ ഏഴ് മാസങ്ങളില്‍ ആറ് ശതമാനം ഇടിഞ്ഞു. ചൈന, ജപ്പാന്, യൂറോപ്പ് എന്നീ പ്രമുഖ വിപണികളില്‍ നിന്നും വാങ്ങല്‍ താത്പര്യം കുറയുകയാണ്. ഇന്ത്യയില്‍ നിന്നുള്ള കൊഞ്ചിന് അമേരിക്ക ഒക്ടോബറില്‍ ആന്റി ഡംമ്പിംഗ് നികുതി ഏര്‍പ്പെടുത്തിയതും കയറ്റുമതിക്കാര്‍ക്ക് തിരിച്ചടി സൃഷ്ടിച്ചു. മത്സ്യങ്ങളിലെ ആന്റി ബയോട്ടിക് സാന്നിധ്യമാണ് പ്രധാന വെല്ലുവിളി. ഇതോടെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ യുറോപ്പിലേക്കുള്ള കയറ്റുമതിയില്‍ 19 ശതമാനം ഇടിവുണ്ടായി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തവണ യു.എസ്, യൂറോപ്പ് വിപണികളില്‍ നിന്നും പ്രതീക്ഷിച്ചതിലും കുറഞ്ഞ വാങ്ങല്‍ കരാറുകളാണ് ലഭിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങള്ക്കെയിരെ യെന്‍ ദുര്‍ബലമായതോടെ ജപ്പാനും കാര്യമായ വാങ്ങല്‍ നടത്തിയില്ല. ചൈനയിലും മാന്ദ്യം ശക്തമാണ്.