ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ കേന്ദ്രം ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണം. തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നതു പോലെ നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോര്. സുധാകരന്‍ പറഞ്ഞു.
സര്‍ക്കാരിനും സര്‍വകലാശാലക്കും എതിരെ ഗവര്‍ണര്‍ തെറ്റായ പ്രചാരവേല നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിരട്ടാന്‍ നോക്കേണ്ട. മാടമ്പിത്തരവും വേണ്ട. ജനങ്ങള്‍ നോക്കിനില്‍ക്കില്ല. ഗവര്‍ണര്‍ എന്ന നിലയിലുള്ള സമചിത്തത അദ്ദേഹത്തിനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തനിക്കെതിരേ വധശ്രമമുണ്ടായെന്നു ഗവര്‍ണര്‍ പരാതിപ്പെട്ടിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട. മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മിറ്റിയില്‍ മതിയെന്നും മുരളീധരന്‍.
പോര്‍വിളിയുമായി വീണ്ടും ഗവര്‍ണര്‍. തനിക്കെതിരേ മൂന്നു വര്‍ഷംമുമ്പ് കണ്ണൂരിലുണ്ടായ വധശ്രമത്തിനു കേസെടുപ്പിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറെ സര്‍ക്കാര്‍ നിയമിക്കാന്‍ അനുവദിക്കില്ല. അതു രാഷ്ട്രീയ നിമയനമല്ല. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. പിന്നണിയില്‍നിന്ന് മുഖ്യമന്ത്രി മുന്നിലേക്കു വന്നതു നന്നായി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് തിങ്കളാഴ്ച പുറത്ത് വിടും. കത്തുകള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ടാറിംഗിലെ അപാകത കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ആറുമാസത്തിനിടെ ടാറിട്ട 148 റോഡുകളില്‍ 67 ലും കുഴികള്‍ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ല. റോഡ് റോളര്‍ ഉപയോഗിക്കാതെ ടാറിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിനെതിരേ സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. നേരത്തെ ഡിവൈഎഫ്ഐയും ഈ ആരോപണം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു.
തെരുവുനായ്ക്കളുടെ ആക്രമണം നേരിടാന്‍ വിദ്യാര്‍ഥിനികളുടെ സംരക്ഷണത്തിനായി തോക്കുമേന്തി നടന്ന രക്ഷിതാവിനെതിരെ ബേക്കല്‍ പോലീസിന്റെ കേസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കലാപത്തിനു ശ്രമിച്ചെന്ന് ആരോപിച്ച് കേസെടുത്തത്.
ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28 ന് കൈമാറും. റോഡുനിയമങ്ങളും വാഹനം ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനാണു പരിപാടി.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടര കോടി രൂപ കുടിശിക അടയ്ക്കാത്തതിനാലാണ് ഫ്യൂസ് ഊരിയത്. ഈ മാസം 28 ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് ഗ്രീന്‍ഫീല്‍ഡിലെ കരണ്ടുപോയത്.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റില്‍നിന്ന് 5000 രൂപയാണ് മോഷണം പോയത്.