പോലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് എം ഷംസുദ്ദീൻ എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തിൽ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തിൽ തീർക്കാൻ സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്പോരുണ്ടായി. നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീൻ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.