കേരളത്തില്‍ ഫാറ്റി ലിവര്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ലിവര്‍ സിറോസിസിലെക്കോ കാന്‍സറിനോ വരെ കാരണമാകാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. വയറുവേദന, വയര്‍ നിറഞ്ഞെന്ന തോന്നല്‍, വിശപ്പില്ലായ്മ, വയര്‍ വീര്‍ക്കല്‍, മനംമറിച്ചില്‍, ഭാരനഷ്ടം, കാലുകളില്‍ നീര്, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവര്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പില്‍ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരള്‍ രോഗങ്ങള്‍ പലപ്പോഴും മൂര്‍ച്ഛിച്ച ശേഷമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക. രോഗനിര്‍ണയം വൈകുന്നത് സ്ഥിതി ഗുരുതരമാക്കും.