സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം
നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.