വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളും യൂണീഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ ഹൈടെക്കായി. റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് വലിയ പങ്ക് അധ്യാപകർ വഹിച്ചുവെന്നും എന്നാൽ എല്ലാമായെന്ന് കരുതരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുട്ടികൾക്ക് പാഠപുസ്തകങ്ങളിലെ അറിവ് മാത്രമല്ല നൽകേണ്ടത്. സമൂഹത്തെ പറ്റിയും പ്രകൃതിയെ പറ്റിയും അറിവ് നൽകണം. ശരിയായ വഴി അത്തരം കാര്യങ്ങളിൽ പറഞ്ഞു കൊടുക്കണം. പുതിയ അറിവുകൾ പകർന്നു നൽകുന്ന ജേണലുകൾ കുട്ടികൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.