നാലുനില കെട്ടിടത്തിനു മുകളില്‍നിന്നും തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിനു മുകളിലേക്ക് കാര്‍ ചാടിച്ചാല്‍ എങ്ങനെയിരിക്കും. അതിസാഹസിക സിനിമകളില്‍ മാത്രം കാണാവുന്ന ഇങ്ങനെയൊരു ദൃശ്യം യാഥാര്‍ത്ഥ്യമാക്കണമെന്നു കാറോട്ട അഭ്യാസവീരനായ റഷ്യന്‍ സ്റ്റണ്ട്മാന്‍ എവ്‌ഹെനി ചെബോട്ടറേവിനു മോഹം. പക്ഷേ, ആ ശ്രമം അതിദാരുണമായി പരാജയപ്പെടുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. അപകടത്തില്‍ സ്റ്റണ്ട്മാന്‍ ചെബോട്ടറേവ് മരിക്കാതെ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ജോര്‍ജിയയുടെ അതിര്‍ത്തിയിലെ റഷ്യന്‍ റിപ്പബ്ലിക് ഓഫ് നോര്‍ത്ത് ഒസെഷ്യ- അലാനിയയിലാണ് സംഭവം. അമ്പതടി ഉയരമുള്ള നാലുനില കെട്ടിടത്തിനു മുകളില്‍നിന്ന് തൊട്ടടുത്ത കെട്ടിടത്തിനു മുകളിലേക്ക് റഷ്യന്‍ നിര്‍മ്മിത ലഡാ നിവ എസ്‌യുവി ഓടിച്ചു ചാടിക്കാനായിരുന്നു പരിപാടി. ലക്ഷ്യമിട്ട കെട്ടിടത്തിലേക്കു ലാന്‍ഡു ചെയ്യാനാകാതെ കാര്‍ താഴേക്കു വീണ് തകര്‍ന്നു. ചെബോട്ടറേവിന്റെ സുഹൃത്തുക്കള്‍ നിലവിളിക്കുന്നതു വീഡിയോയില്‍ കേള്‍ക്കാം. ചെബോട്ടറേവ് വാഹനത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇറങ്ങി വരുന്നതും കാണാം. കാലുകള്‍ക്കും നട്ടെല്ലിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. 32 കാരനായ ചെബോട്ടറേവിന് ഇത്തരം സാഹസങ്ങളെല്ലാമാണ് ഹോബി. രണ്ടു വര്‍ഷം മുമ്പ് നദിക്കു മുകളിലൂടെ കാര്‍ ചാടിച്ച് ഇദ്ദേഹത്തിന് ഗുരുതമായി പരിക്കറ്റിരുന്നു. സമാനമായ സ്റ്റണ്ടുകള്‍ നിറഞ്ഞതാണ് ചെബോട്ടറേവിന്റെ യൂട്യൂബ് ചാനലും. ഓടുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ ചാടുന്നതും വിവിധ ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്നതും ഉള്‍പ്പെടെയുള്ള വീഡിയോകള്‍ക്കു ധാരാളം ആരാധകരുണ്ട്.
കാര്‍ പറന്നു, നിലംപൊത്തി
