പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രവിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു.
സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്‍റെ വളര്‍ച്ചയെ ഗവര്‍ണര്‍ പുകഴ്ത്തി. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നീതി ആയോഗ് കണക്കുകളില്‍ കേരളം മുന്നിലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. 2023-24 ലെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം മാര്‍ച്ച് 30 വരെ 33 ദിവസങ്ങളിൽ ചേരും.